നാം നമ്മുടെ നീതിപ്രവൃത്തികൾ രഹസ്യമായിട്ടാണ് ചെയ്യേണ്ടത്.
മനുഷ്യർ കാണേണ്ടതിനു അവരുടെ മുമ്പിൽ തങ്ങളുടെ നീതിപ്രവൃത്തികൾ പരസ്യമായി ചെയ്യുന്നവർക്ക് ജനങ്ങളുടെ പ്രശംസ അവരുടെ പ്രതിഫലമായി ലഭിക്കും.
മനുഷ്യർ കാണേണ്ടതിനു പരസ്യസ്ഥലത്തു നിന്നുകൊണ്ടു പ്രാർത്ഥിക്കുന്ന കപടഭക്തിക്കാർക്ക് ജനങ്ങളിൽനിന്നുള്ള പ്രതിഫലം മാത്രമേ ലഭിക്കുകയുള്ളു.
രഹസ്യത്തിൽ പ്രാർത്ഥിക്കുന്നവർക്ക് പിതാവിൽനിന്ന് പ്രതിഫലം ലഭിക്കും.
യേശു പറയുന്നു,നാം യാചിക്കുന്നതിന് മുമ്പുതന്നേ നമ്മുടെ ആവശ്യങ്ങൾ പിതാവ് അറിയുന്നതുകൊണ്ട് നാം നമ്മുടെ പ്രാർത്ഥനയിൽ ആവശ്യമില്ലാത്ത ജല്പനങ്ങൾ ചെയ്യരുത്.
പിതാവിന്റെ ഇഷ്ടം സ്വർഗ്ഗത്തിൽ നിർവ്വഹിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നതിനാൽ നാം പിതാവിനോട് അവന്റെ ഇഷ്ടം ഭൂമിയിലും നിറവേറ്റണമേ എന്നു പ്രാർത്ഥിക്കണം.
നാം മറ്റുള്ളവർക്ക് നമ്മോടുള്ള കടങ്ങളെ ക്ഷമിക്കുന്നില്ലെങ്കിൽ പിതാവ് നമ്മുടെ കടങ്ങളെ നമ്മോടും ക്ഷമിക്കയില്ല.
നാം മറ്റുള്ളവരുടെ മുമ്പിൽ വാടിയ മുഖം കാണിച്ചുകൊണ്ട് നാം ഉപവസിക്കുന്നു എന്ന തോന്നൽ വരുത്താൻ ശ്രമിക്കാതെ ഉപവസിക്കണം, അങ്ങനെയെങ്കിൽ പിതാവ് നമുക്കു പ്രതിഫലം തരും.
നാം നമ്മുടെ നിക്ഷേപം സ്വർഗ്ഗത്തിൽ സ്വരൂപിക്കേണം,എന്തെന്നാൽ അവിടെ അതു നശിച്ചുപോകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നില്ല.
നമ്മുടെ നിക്ഷേപം ഉള്ളേടത്ത് നമ്മുടെ ഹൃദയവും ഇരിക്കും.
നമ്മുടെ യജമാനൻ ദൈവം, ധനം ഇവയിൽ ഏതായിരിക്കണമെന്ന് നാംതന്നേ തീരുമാനിക്കണം.
നാം നമ്മുടെ ഭക്ഷണം,പാനീയം,വസ്ത്രം എന്നിവയെക്കുറിച്ച് ആകുലപ്പെടരുത്, എന്തെന്നാൽ നമ്മുടെ പിതാവ് കേവലം പറവജാതികളുടെ ആവശ്യങ്ങൾ പോലും സാധിച്ചുകൊടുക്കുന്നവനാണു. നാം അവയേക്കാളെല്ലാം എത്രയോ അധികം വിശേഷതയുള്ളവരായിരിക്കുന്നു.
ആകുലപ്പെടുന്നതിനാൽ നമ്മുടെ ആയുസിനോട് ഒരു മുഴം കൂട്ടുവാൻ നമുക്കു കഴിയുന്നതല്ല എന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു.
നാം മുമ്പെ പിതാവിന്റെ രാജ്യവും നീതിയും അന്വേഷിക്കേണം, അതോടുകൂടെ നമുക്ക് നമ്മുടെ ഭൗതിക ആവശ്യങ്ങളും സാധിച്ചുകിട്ടും.